Wednesday 12 June 2013

അച്ഛന്‍റെ മകന്‍


 

അച്ഛന്‍റെ ചൂണ്ടുവിരല്‍ പിടിച്ചു നടന്ന് വളര്‍ന്ന മകന്‍
അവസാനമായി പിടിച്ചത്‌ മരിച്ച അച്ഛന്‍റെ തള്ളവിരലില്‍...
അവിടെയിപ്പോഴും  മഷിയൂറിക്കിടക്കുന്നു ...

Saturday 8 June 2013

ഉപായം



അച്ഛനും അമ്മയ്ക്കും
വിഷം നല്‍കാന്‍ പാടില്ല ..
അത് പാപമാണ് ..
അത് കൊണ്ട് അവന്‍ പതിവായി
ചിക്കനും മട്ടനും ബീഫും
മധുരപലഹാരങ്ങളും
വാങ്ങിക്കൊടുക്കുന്നു ...
ഇപ്പോള്‍ അതും ഒരു ഉപായമാണല്ലോ...! 

Friday 7 June 2013

നമ്മള്‍

 


ആദ്യം 'കടവുളേ '...
പിന്നെ 'ഡെവിളേ '....

(നമ്മള്‍ ചെകുത്താന്‍റെ മന്ത്രവാദം തേടിപ്പോകുന്ന
ദൈവവിശ്വാസികള്‍ ) 

Tuesday 4 June 2013

ഉപ്പൂപ്പാ ...




ന്റുപ്പൂപ്പാക്ക് ഒരു ച്ചുക്കൂണ്ടാര്‍ന്നില്ല ...
ഉമ്മൂമ്മ പാത്തുമ്മാക്ക് ആടൂണ്ടാര്‍ന്നില്ല ...
എനിക്കോ ഒരു ബാല്യകാലസഖിയുമുണ്ടാര്‍ന്നില്ല ...

Sunday 2 June 2013

വിശ്വാസം

 

മഴക്ക് വേണ്ടി
 പ്രാര്‍ത്ഥിക്കാന്‍ പോയവരാരും
കുടയെടുത്തില്ല ...
വിശ്വാസം ..അതല്ലേ എല്ലാം ..! 

കണ്ണീര്‍

 

കണ്ണീരെന്തിനു നീ തുടച്ചു കളയുന്നു
അവയെല്ലാം നിന്‍റെ സ്വപ്നങ്ങളല്ലയോ ...!
മനസ്സിന്‍റെ ചെപ്പില്‍ സൂക്ഷിച്ച മുത്തുകള്‍
കണ്ണിലൂടുതിര്‍ന്ന്‍ വീഴുന്നതല്ലയോ ...! 

പിശുക്കന്‍



 
സ്വന്തം നിലനില്‍പ്പ്‌ മറന്ന്
ഒരു പിശുക്കന്‍ ചോദിച്ചു :
ഈ പിശുക്കന്മാരൊക്കെ ഇപ്പോഴുമുണ്ടോ ?....!

ജനനവും മരണവും


 

ഇന്നലെ മരിച്ചത്
പ്രവാസി പോയപ്പോള്‍ ജനിച്ച കുട്ടി ..!

കുഴി


 

നാം കുഴിച്ച കുഴിയില്‍
നാം വീണാലും ഇല്ലേലും
നമുക്കായ് കുഴിച്ച കുഴിയില്‍
നാം വീണേ പറ്റൂ ...!

അമേരിക്ക


 

ഇറാഖിലെയും ഫലസ്തീനിലെയും
ജീവനുകളെ കൊന്നൊടുക്കിയ അമേരിക്ക
ചന്ദ്രനില്‍ ജീവനുണ്ടോയെന്ന്
നോക്കുന്നതെന്തിന്?

ഗള്‍ഫുകാരന്‍


 

ഗള്‍ഫുകാരന്‍ ചോദിച്ചു:
ഡോക്ടര്‍ , ബാപ്പാക്ക് ഇനി എന്താ വേണ്ടത് ?
എന്ത് വേണേലും ഞങ്ങള്‍ കൊണ്ടുവരാം !
കൂടെനിന്നയാള്‍ പറഞ്ഞു :
'
മൂന്നു കഷ്ണം തുണി ,
ഫോറിന്‍ വേണ്ട !
അടുത്തുള്ള കടയില്‍ നിന്ന് വാങ്ങിയാല്‍ മതി' !

കള്ളസാക്ഷീ


 

കള്ളസാക്ഷീ ....
നീ മഹാ വഞ്ചകന്‍ (2)
കയ്യിനെത്താത്ത ദൂരത്ത്
ഒളിച്ച് നില്‍ക്കുന്നു നീ ....!

മരണവീട്


 

എനിക്ക് മരിക്കാനെങ്കിലും
ഒരു വീട് വേണം
ഒരു മരണ വീട് ...!

അപരിചിതന്‍


 

എന്നെ ഇന്നലെയാരും കണ്ടില്ല
ഇന്നെന്നെ ആംബുലന്‍സില്‍
കൊണ്ടുപോയപ്പോഴെങ്കിലും
അവര്‍ ചോദിച്ചല്ലോ ...
ആരാണാ പോകുന്നതെന്ന് ...?!

സ്നേഹം


 

ആങ്ങളമാര്‍ വന്ന് കയ്യടിച്ചൊടിച്ചു
എന്നിട്ടും കയ്യിലിട്ട പ്ലാസ്റ്ററില്‍ അവനെഴുതിവച്ചു
ഐ ലവ് യൂ സുന്ദരീ ....!

തല തിരിഞ്ഞ്


 

ടൈറ്റാനിക്ക് സിനിമ തിരിച്ച് കണ്ടാല്‍
ഒരു കപ്പല്‍ വെള്ളത്തില്‍ നിന്ന് പൊങ്ങിവന്ന്
കടലില്‍ മുങ്ങിമരിക്കുന്ന ഒരുപാടാളുകളെ
രക്ഷിച്ച് കരക്കെത്തിക്കുന്നത് കാണാമെത്രേ ...!

സൂര്യന്‍


 

സൂര്യനെ മാറ്റി
ഒരു സി എഫ് എല്‍ ബള്‍ബ് വെക്കണം
വല്ലാത്ത ചൂട് ...!

ഇണ

 

തലക്ക് താഴെയിരിക്കുന്ന
ഒരു ഇണയാണ് ഇപ്പോഴുള്ളത്
ഇനി തലക്ക് മുകളിലിരിക്കുന്ന
ഒരിണയെ തരല്ലേ എന്‍റെ ദൈവമേ ...!

ചെമ്പരത്തിപ്പൂവ്



ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെട്ടത്
ചെവിയില്‍ വെച്ച ചെമ്പരത്തിപ്പൂവ് ..!

നന്മയും തിന്മയും



തിന്മ ചെയ്ത മരങ്ങളെല്ലാം
നരക ശിക്ഷ കഴിഞ്ഞ്
നന്മ ചെയ്ത മരത്തിന്‍റെ കാല്‍പാദം തൊട്ടു ...!

സൈക്കിള്‍




ചെറുപ്പത്തിലെ സ്വപ്നവും
വലുപ്പത്തിലെ ദാരിദ്ര്യവും ...